സ്കൂളുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും, അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

0
35

കുവൈത്ത് സിറ്റി: വരുന്ന അധ്യയന വർഷത്തിൽ സ്കൂളുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല യോഗം നടത്തി. യോഗത്തിൽ കൈകൊണ്ട് നിർദ്ദേശങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കും, നിർദേശങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തതിനുശേഷം അന്തിമതീരുമാനം പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ-മുദാഫിന്റെ കീഴിൽ നടന്ന യോഗത്തിൽ അണ്ടർ സെക്രട്ടറി ഡോ. അലി അൽ, അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാർ, വിദ്യാഭ്യാസ മേഖലകളുടെ ഡയറക്ടർമാർ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി സ്കൂളിലേക്ക് മടങ്ങിവരുന്നതിന് ഓരോ മേഖലയും നടത്തിയ സംവിധാനങ്ങളും, വികസിപ്പിച്ച പ്രായോഗിക പദ്ധതികളും അതോടൊപ്പം ഓഫ്‌ലൈൻ ക്ലാസുകൾ സജ്ജമാക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. കൂടാതെ സാമൂഹിക അകലം പാലിക്കൽ, ഓരോ സെക്ടറുകളിലും സ്കൂളുകൾ തിരിച്ചുള്ള അണുനശീകരണ ശേഷി , എല്ലാ സ്കൂൾ ജീവനക്കാർക്കും പ്രതിരോധ കുത്തിവെപ്പ് നൽകൽ, മറ്റ്പ്രതിരോധ നടപടികൾ, ആരോഗ്യ മാർഗ്ഗനിർദ്ദേശം തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.