കൂട്ടിവക്കുന്ന ഒരു രൂപയെക്കാൾ ആവശ്യത്തിനുതകുന്ന പത്തു പൈസയ്ക്കാണ് മൂല്യം കൂടുതൽ. അത് മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ചും. കിട്ടുന്ന ചെറിയ വരുമാനത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുമ്പോൾ സഹായിക്കാൻ മനസ്സുണ്ടെങ്കിലും, മറ്റുള്ളവരുടെ കണ്ണുനീർ കണ്ടിട്ടും കാണാതെ പോകുന്നു നമ്മൾ എന്നതാണ് യാഥാർഥ്യം. വലിയ തുകയല്ലെങ്കിലും ചെറിയ സഹായങ്ങൾ ചെയ്യാൻ നമുക്കെല്ലാവർക്കും കഴിയും. അങ്ങനെ കൂട്ടുന്ന പല തുള്ളികൾ ശേഖരിച്ച് ഒരു കടലോളം ഇല്ലെങ്കിലും ഒരു ബക്കറ്റ് നിറയെ എങ്കിലും അത് ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കാൻ കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. പക്ഷെ, അതിനുവേണ്ടി കഷ്ടപ്പെടാനും ഒരു വലിയ നല്ല മനസ്സ് വേണം. അതാണ് ഇവിടെ പലർക്കും ഇല്ലാതെ പോകുന്നതും.
ഇവിടെയിതാ അതിനായി ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ, സാജു നവോദയയുടെ നേതൃത്വത്തിൽ. അതെ. മലയാളികൾ പാഷാണം ഷാജിയെന്നു കേട്ടാൽ മാത്രം തിരിച്ചറിയുന്ന അതേ സാജു നവോദയ തന്നെ . നല്ല മനസ്സുള്ള ഒരുപിടി കലാകാരന്മാരെ കൂടെകൂട്ടി ഒരു നന്മക്കൂട്ടം തന്നെ ഉണ്ടാക്കിയിരിക്കുന്നു ഈ കലാകാരൻ. തനിക്കു കിട്ടുന്ന വരുമാനത്തിൽ ഒരു ഭാഗം കാരുണ്യപ്രവർത്തങ്ങൾക്കായി മാറ്റി വച്ച് അതിൽ സഹപ്രവർത്തകരുടെ സംഭാവനയും ചേർത്ത് അത് അർഹിക്കുന്നവരിലെത്തിക്കുന്നതിലൂടെ സമൂഹത്തിൽ നന്മ ഇനിയും മരിച്ചിട്ടില്ലെന്ന് കാട്ടിത്തരുകയാണ് മലയാളത്തിന്റെ സ്വന്തം പാഷാണം ഷാജി.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മരടിൽ രണ്ടു പെൺകുട്ടികൾക്കാണ് ഈ നന്മക്കൂട്ടം തണൽ നൽകിയത്. ആകെയുണ്ടായിരുന്ന ആശ്രയമായ അമ്മയെ കാൻസർ കൊണ്ടുപോയപ്പോൾ ജീവിതവഴിയിൽ പകച്ചുനിന്നുപോയ കുഞ്ഞുങ്ങൾക്ക് കയറിത്താമസിക്കാൻ അടച്ചുറപ്പുറപ്പുള്ള ഒരു വീട് വച്ചു നൽകിയാണ് സാജുവും കൂട്ടുകാരും സമൂഹമനസ്സിൽ വീണ്ടും ഇടം നേടിയിരിക്കുന്നത്. സ്വന്തമായി സമ്പാദിച്ച തുക കൂടാതെ ‘പാണ്ഡവാസ്’ എന്ന നാടൻ പാട്ടു സംഘം റോഡിൽ പാടി കിട്ടിയ തുകയും ഫ്‌ളവേഴ്സ് ചാനലിലെ ടമാർ പടാർ പ്രോഗ്രാമിൽ നിന്നും കിട്ടിയ തുകയും ചേർത്ത് വച്ചാണ് വീട് നിർമ്മിച്ചത്. മരട് മാങ്കായി സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ വച്ച് സംവിധായകൻ സിദ്ദിക്ക് വീടിന്റെ താക്കോൽ കുട്ടികൾക്ക് കൈമാറി. ചടങ്ങിൽ സംവിധായകരായ സജിസുരേന്ദ്രൻ, ജിബുജേക്കബ് തുടങ്ങിയവരും സിനിമാതാരങ്ങളായ രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, പ്രശാന്ത് കാഞ്ഞിരമറ്റം ഷിനോജ് തുടങ്ങിയവരും കൂടാതെ KS പ്രസാദ് തുടങ്ങി നിരവധി മിമിക്രി കലാകാരൻമാരും സാമൂഹിക- രാഷ്ട്രീയ രംഗത്തെ നിരവധി പേരും പങ്കെടുത്തു.