കുവൈത്ത് സിറ്റി: 60 വയസ്സിനു മുകളിൽ പ്രായമുള്ള വരും സെക്കൻഡറി വിദ്യാഭ്യാസമോ അതിനു താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പ്രവാസികളിൽ 2000 ദിനാർ ഫീസ് നൽകാൻ ശേഷി ഇല്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നത് നിർത്താനുള്ള മാനവവിഭവശേഷി അതോറിറ്റിയുടെ (പിഎഎം) തീരുമാനവുമായി ബന്ധപ്പെട്ട പ്രത്യാഘാതത്തെക്കുറിച്ച് നടത്തിയ നിയമ പഠനങ്ങൾ പാർലമെൻ്റിൽ അവതരിപ്പിക്കണമെന്ന് ആവശ്യം. എംപി ഹസൻ ജൗഹറാണ് ഇക്കാര്യം സഭയിൽ ആവശ്യപ്പെട്ടത്. ഈ വിഭാഗത്തിൽപ്പെടുന്ന സാങ്കേതിക തൊഴിലിൽ പരിജ്ഞാനമുള്ള പ്രവാസികൾ കുവൈത്ത് തൊഴിൽ വിപണിയിൽ നിന്ന് പുറത്തു പോകുന്നത് മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ ബദലുകളുണ്ടോ എന്നും അദ്ദേഹം സഭയിൽ ചോദിച്ചു.
വിസ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പ്രവാസി തൊഴിലാളികൾ അവരുടെ സ്പോൺസർമാർക്കെതിരെ നൽകിയ പരാതികളുടെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ആവശ്യവും എം പി ഉന്നയിച്ചു.