കുവൈത്ത് സിറ്റി: സ്പോൺസർമാരിൽ നിന്നും ഒളിച്ചോടിയ വിദേശികളെ കണ്ടെത്തുന്നതിനായി
റെസിഡൻസി ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് നടപടികൾ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വൃത്തങ്ങൾ അറിയിച്ചു. ഒളിച്ചോടിയതും റസിഡൻസി നിയമ ലംഘകരുമായ 129 പ്രവാസികളെ യാണ് ആണ് ആറുമാസത്തിനിടെ അറസ്റ്റ് ചെയ്തത്. ഒളിച്ചോടിയ 116 തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കിയതായും അധികൃതർ വ്യക്തമാക്കി.
ഒളിച്ചോടിയ തൊഴിലാളികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിശോധിക്കുന്നതായും ഇവരെ അന്വേഷിച്ച് കണ്ടെത്തി നിയമനടപടികൾക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു. സ്പോൺസർഷിപ്പിൽ രജിസ്റ്റർ ചെയ്യാതെ തൊഴിലാളികളെ നിയമിച്ച് ജോലി ചെയ്യക്കുന്ന സ്ഥാപനങ്ങൾ പരിശോധിക്കുന്നതിനായി ത്രിതല സമിതിയുടെ പ്രവർത്തനം വിപുലീകരിക്കും.
വിസ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ അനധികൃത കമ്പനിയിൽനിന്ന് താമസ വിസ വാങ്ങിയ നിരവധി തൊഴിലാളികൾ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. റസിഡൻസി വാങ്ങിയതുമായി ബന്ധപ്പെട്ട് തൊഴിലാളികളിൽ നിന്ന് തൊഴിൽ സംരക്ഷണ മേഖലയ്ക്ക് നിരവധി പരാതികൾ
ലഭിച്ചതായും ഇവ പരിശോധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും പാം വൃത്തങ്ങൾ വിശദീകരിച്ചു. റസിഡൻസ് പെർമിറ്റുകൾ വിൽക്കുന്ന 2200 -ലധികം കമ്പനികളെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽപ്പെടുത്തിയതായും വ്യക്തമാക്കി. ഈ വർഷം ആദ്യം മുതൽ ജൂലൈ പകുതി വരെ മാത്രം പിടിയിലായി അടച്ചുപൂട്ടിയത് 51 സ്ഥാപനങ്ങളാണ്.
തൊഴിൽ നിയമവും റെസിഡൻസി സംവിധാനവും ലംഘിച്ച് ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന ഈ ഓഫീസുകൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴിയാണ് പ്രവർത്തിക്കുന്നത്.