പ്രതാപം വീണ്ടെടുക്കാൻ കിഴക്കിന്റെ വെനീസ്; ആലപ്പുഴ കനാൽ നവീകരണം

0
27

കിഴക്കിന്റെ വെനീസായ ആലപ്പുഴ നഗരത്തിലെ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി ഇനി രണ്ടാംഘട്ടത്തിലേക്ക്. ഒൻപത് പ്രധാന കനാലുകളുടെയും പതിനഞ്ചിൽപ്പരം ചെറു കനാലുകളുടെയും നവീകരണമാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. നാലുഘട്ടമായി നടക്കുന്ന നവീകരണത്തിനായി 108 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഉപ്പുട്ടി കനാലിൽ നിന്ന് ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടം ഈ മാസം 31നു പൂർത്തിയാക്കും. കനാലുകൾ വറ്റിച്ചു ചെളി കോരി വൃത്തിയാക്കുന്ന പദ്ധതിയാണു ഒന്നാം ഘട്ടത്തിലൂടെ പ്രധാനമായും നടപ്പിലാക്കുന്നത്. ഇതിനു ശേഷം ഉപ്പുവെള്ളം കയറ്റി ശുദ്ധിയാക്കും. 33 കിലോമീറ്റർ ദൂരത്തിലാണ് പ്രധാന കനാലുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

കനാൽ ശുചീകരണത്തിന് ശേഷവും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടാതെ കനാലിലേക്കു തുറന്നിരിക്കുന്ന എല്ലാ കുഴലുകളും അടയ്ക്കും. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് കനാൽ നവീകരണ ജോലികൾ നടക്കുന്നത്. കനാലിലേക്ക് മാലിന്യം തള്ളുന്നത് തടഞ്ഞുകൊണ്ട് ആലപ്പുഴ നഗരസഭ ഹോട്ടലുകൾക്കും മറ്റും നോട്ടീസ് നൽകൽ ആരംഭിച്ചു. വാടക്കനാൽ, വാണിജ്യക്കനാൽ, വെസ്റ്റ് ജംഗ്ഷൻ കനാൽ, ഈസ്റ്റ് ജംഗ്ഷൻ കനാൽ, ഉപ്പൂട്ടിക്കനാൽ, മുറിഞ്ഞപുഴ തോട്, കൊട്ടാരംതോട്, ആലപ്പുഴ- ചേർത്തല കനാൽ (ഏകദേശം 18 കിലോമീറ്റർ), ആലപ്പുഴ- അമ്പലപ്പുഴ കനാൽ എന്നിവയാണ് നവീകരണ പദ്ധതി ഉൾപ്പെട്ട പ്രധാന കനാലുകൾ. ആദ്യഘട്ടത്തിൽ കനാലിൽ ബണ്ട് കെട്ടി വെള്ളം വറ്റിക്കും. പിന്നീട് നീക്കം ചെയുന്ന ചെളി ലോറിയിൽ മണ്ണഞ്ചേരിയിൽ എത്തിച്ചു ബാർജ് വഴി കുട്ടനാട്ടിലേക്കു കൊണ്ടുപോകും. കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താൻ ഈ ചെളി സൗജന്യമായി നൽകും.

പടിഞ്ഞാറു നിന്നു കിഴക്കോട്ട് എന്ന രീതിയിൽ ആണ് ബണ്ടിന്റെ നിർമ്മാണം. നീരൊഴുക്കിനു തടസമായി നിൽക്കുന്ന ബണ്ടുകൾ നീക്കം ചെയ്യുകയും കനാലിലേക്കു മറിഞ്ഞു കിടക്കുന്ന മരങ്ങളും മറിയാൻ സാധ്യതയുള്ള മരങ്ങളും മുറിച്ചുമാറ്റും. 48 കോടി രൂപ വകയിരിത്തിയിരിക്കുന്ന രണ്ടാം ഘട്ടത്തിൽ നഗരസഭ വഴി അമൃത് പദ്ധതിയിലൂടെ ചെറുകനാലുകളുടെ നവീകരണമാണ് നടക്കുന്നത്. ശേഷം 145 പ്രോജക്ടുകളിലായി 36 കിലോമീറ്റർ കനാലുകളുടെ നവീകരണം നടത്തും. അയ്യപ്പൻ പൊഴി, തുമ്പോളി പൊഴി നവീകരണം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുന്നത്. മൂന്നാം ഘട്ടത്തിൽ ആദ്യ രണ്ടു ഘട്ടത്തിലും പെടാത്ത കനാലുകളുടെ നവീകരണം നടത്തും.