ഡൽഹി; എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു, രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കോവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ടോക്യോ ഒളിംപിക്സിലെ മെഡൽ ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ അനുസ്മരിക്കുവെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.
ഇത്തവണത്തേത് അദ്ദേഹത്തിന്റെ തുടർച്ചയായ എട്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം രാവിലെ 7.30 ഓടെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പടനയിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, വാക്‌സിന്‍ വികസിപ്പിക്കാന്‍ പ്രയത്‌നിച്ച ശാസ്ത്രജ്ഞര്‍ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിൻ എത്തി. കൊവിൻ പോർടൽ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു.
ടോക്കിയോയിൽ അടുത്തിടെ സമാപിച്ച ഒളിംപിക്സിൽ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ ഒളിമ്പിക് സംഘത്തെ പ്രധാനമന്ത്രി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടോക്കിയോ ഗെയിംസിൽ ഒരു സ്വർണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകൾ ഇന്ത്യൻ അത്‌ലറ്റുകൾ നേടിയിരുന്നു.