കുവൈത്ത് ധനമന്ത്രി രാജിവച്ചു; സർക്കാർ പുന:സംഘടനയെന്ന് സൂചന

0
21

കുവൈത്ത് സിറ്റി: കുവൈത്ത് ധനമന്ത്രി ഖലീഫ ഹമദ് രാജിവച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ശൈഖ് സബാ അൽ ഖാലിദിന് രാജിക്കത്ത് കൈമാറിയതായി ആണ് വിവരം. കുവൈത്ത് സർക്കാറിൽ വരാനിരിക്കുന്ന പുനസംഘടനയിലേക്ക് ആണ് ഇത് വിരൽചൂണ്ടുന്നത് എന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. അടുത്ത സെപ്റ്റംബർ പകുതിയോടെ മന്ത്രിസഭാ പുനസംഘടന നടന്നേക്കും എന്നും 3 മുതൽ 5 മന്ത്രിമാർ വരെ ഇതിൽഉൾപ്പെടാം എന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

രഹസ്യമായി ഏതാനും ദിവസം മുമ്പാണ് ധനമന്ത്രി രാജി സമർപ്പിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. പല വിഷയങ്ങളിലും സ്വതന്ത്രമായി തീരുമാനമെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് മന്ത്രി പദത്തിൽ നിന്ന് ഹമദ് രാജിവയ്ക്കാൻ പ്രധാന കാരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മുൻ ധനമന്ത്രിമാരെപ്പോലെ അദ്ദേഹം പങ്കെടുത്തില്ല. സ്ഥലം വില്പന നടത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നാൽ അതിനുശേഷം റദ്ദാക്കപ്പെട്ടു.പണലഭ്യത തീരുന്നതിന്റെ അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള കരട് നിയമങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹത്തിന് കാര്യമായ പങ്കില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.