നിറപ്പൂക്കളവും നിലവിളക്കുമായി ഓണത്തെ വരവേറ്റ്‌ കുവൈത്തിലെ ഇന്ത്യന്‍ എംബസി

0
25


കുവൈത്ത്‌ സിറ്റി ഓണച്ചാരുതയില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി. നിറപ്പൂക്കളവും നിലവിളക്കുമായി എംബിസിയില്‍ ഓണാഘോഷം കേങ്കേമമായി. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്‌ ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. മഹാബലി തമ്പുരാനും ആഘോഷങ്ങള്‍ക്ക്‌ സാക്ഷിയായെത്തിയിരുന്നു. ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ടു അംബാസിഡര്‍ ഉദ്‌ഘാടനപ്രസംഗം ആരംഭിച്ചു. ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്ന അസാധാരണ കോവിഡ്‌ സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ഓര്‍ക്കുന്നതിനുള്ള അവസരമാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തു അദ്ദേഹം.

ആഘോഷങ്ങളുടെ ഭാഗമായി എംബസിയിലും പാസ്സ്‌പോര്‍ട്ട്‌ ഓഫീസുകളിലും എത്തിയ എല്ലാ സന്ദര്‍ശകര്‍ക്കും പായസവും മധുര പലഹാരങ്ങളും നല്‍കി. ആഘോഷങ്ങളോടനുബന്ധിച്ച്‌ കഥകളി, തിരുവാതിരകളി, നാടന്‍പാട്ട്‌ തുടങ്ങി ഒട്ടേറെ കലാരൂപങ്ങളും അരങ്ങേറി.