കുവൈത്ത് സിറ്റി : കുവൈത്തിലെ നീറ്റ് പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങളുമായി ഇന്ത്യൻ എംബസി.
സെപ്റ്റംബർ 12ന് നടക്കുന്ന പരീക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്ക് ഇ-മെയിൽ അയച്ചിരുന്നു. ഈ ഇ-മെയിലു മായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണമാണ് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിലൂടെ പുറപ്പെടുവിച്ചത്.
കുവൈത്ത് പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെടുകയും എന്നാൽ നിലവിൽ കുവൈത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് മാത്രമേ കഴിഞ്ഞ ദിവസം അയച്ച അറിയിപ്പ് ബാധകമാകുകയുള്ളൂ എന്ന് എംബസി വ്യക്തമാക്കി. കുവൈത്തിലേക്ക് മടങ്ങിയെത്താന സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ദുബൈയിയോ ഇന്ത്യയിലെ മറ്റേതെങ്കിലും നഗരങ്ങളോ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കാവുന്നതാണു. പരീക്ഷാ കേന്ദ്രമായി കുവൈത്ത് അനുവദിക്കപ്പെട്ടവരും കുവൈത്തിൽ തന്നെ എഴുത്ത് പരീക്ഷ നടത്താൻ ആഗ്രഹിക്കുന്നവരും ആയ എല്ലാ വിദ്യാർത്ഥികളും ഓഗസ്റ്റ് 30 നു ലഭിച്ച ഇമെയിൽ അറിയിപ്പ് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കേണ്ടതില്ല.
കുവൈത്തിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് fs.kuwait@mea.gov.in. അല്ലെങ്കിൽ edu.kuwait@mea.gov.in എന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണു.ഇന്ത്യൻ എംബസിയിൽ വെച്ചായിരിക്കും പരീക്ഷ നടക്കുക.