സൗദിയിൽ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും

0
14

ജിദ്ദ: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റിറ്റുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അബഹ വിമാനത്താവളത്തിനു നേരെ രണ്ട് തവണയാണ് യമനിലെ ഹൂതി വിമതർ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വിമാനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന എ320 യാത്രാവിമാനത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

വിമാനത്താവളം ലക്ഷ്യമാക്കെയെത്തിയ ഡ്രോണ്‍ സൗദി സഖ്യസേന തകര്‍ക്കുകയായിരുന്നു. പ്രതിരോധത്തില്‍ തകര്‍ന്ന ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചത്. ഇതേ രീതിയില്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരു ബംഗ്ലാദേശി പൗരന്റ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.