ദോഹ: താലിബാന്‍ ഭരണം പിടിക്കുകയും യുഎസ് സേന അഫ്ഗാന്‍ വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയുടെ പ്രതികരണം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള സാങ്കേതിക സംഘം കാബൂളിലെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിലാണ് സംഘം. താമസിയാതെ നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ സൗഹൃദ രാഷ്ട്രങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന വാഗ്ദാനം താലിബാന്‍ പാലിക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ താലിബാനുമായി നിരന്തരമായി ഖത്തര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിനാവശ്യമായ എല്ലാ കാര്യങ്ങളും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി