പ്രവാസികള്‍ക്ക് ഒമാനില്‍ വീട് സ്വന്തമാക്കാവുന്ന രീതിയില്‍ നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ അതിനുള്ള പണം കണ്ടെത്താന്‍ പ്രാദേശിക ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കാമെന്ന് അധികൃതര്‍. വീടുകള്‍ക്കായി തവണ വ്യവസ്ഥയില്‍ ലോണ്‍ ലഭ്യമാക്കുമെന്ന് തിബിയാന്‍ പ്രോപ്പര്‍ട്ടീസ് സിഇഒ ഫഹദ് അല്‍ ഇസ്മായീലി അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് നിയമത്തില്‍ ഇളവ് ചെയ്തുകൊണ്ട് ഭവന നിര്‍മാണ നഗരാസൂത്രണ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ ഭരണകൂടം വിദേശികള്‍ക്ക് വീടുകള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കിയത്. രാജ്യത്തെ സാമ്പത്തിക മേഖലയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കൂടിയാണ് നടപടി. നിലവില്‍ മസ്‌ക്കറ്റിലെ ബൂഷര്‍, സീബ്, അമീറാത്ത് മേഖലകളിലാണ് വീട് വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നതെങ്കിലും താമസിയാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി അത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ പ്രവാസികള്‍ക്ക് വീടുകള്‍ വാങ്ങാന്‍ അനുവാദം നല്‍കിയിരിക്കുന്ന പ്രദേശങ്ങള്‍ ഒമാനികളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് മാറിയാണ്.