ഡൽഹി: സിംഗു അതിർത്തിയിലെ കർഷക സമര സ്ഥലത്ത് നിന്നും യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൻറെ കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
സിഖ് മതത്തിലെ നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. നിഹാങ്കുകൾ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. അതേസമയം സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
സോനിപതിലെ സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഹരിയാന പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ലോക്ക്ഡൗൺ കാലത്ത് പാസ് ചോദിച്ചതിന് നിഹാങ്കുകൾ പൊലീസ് ഉദ്യോഗസ്ഥൻറെ കൈ വെട്ടി മാറ്റിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.