മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ആർതർ റോഡ് ജയിലിലെത്തിയാണ് അദ്ദേഹം മകനെ കണ്ടത്. കഴിഞ്ഞ മൂന്നാഴ്ചയായി ജയിൽ കഴിയുകയാണ് ആര്യൻ.
ഒക്ടോബർ രണ്ടിനാണ് ആര്യൻ അറസ്റ്റിലാകുന്നത്. അതിനുശേഷം ഇതാദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്. ഇരുപത് മിനിട്ടോളം ജയിലിൽ ചെലവഴിച്ച ശേഷം ഷാരൂഖ് മടങ്ങുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങളിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഷാരൂഖ് ഖാന് ജയിലിലെത്തി മകനെ സന്ദർശിക്കാൻ സാധിച്ചത്.
ബുധനാഴ്ച ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതോടെ ജാമ്യത്തിനായി ആര്യന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.