മുല്ലപ്പെരിയാർ വിഷയം: ഉന്നതതലയോഗം ചേരും

0
16

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം ഓൺലൈനായി ഇന്ന് വൈകിട്ട് നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തമിഴ്നാടിന്റെ പ്രതിനിധികളും ഈ യോ​ഗത്തിൽ പങ്കെടുക്കും.

അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തമിഴ്നാട് തയാറാകുമെന്നാണ് കേരളത്തിൻ്റെ പ്രതീക്ഷ. നിലവിൽ തമിഴ്നാട് കൂടുതൽ വെള്ളം എടുക്കുന്നുണ്ട്. ‍ആശങ്ക പര‍ത്തേണ്ട കാര്യങ്ങൾ ഇപ്പോഴില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടി തമിഴ്നാടിനു കേരളം ഇതിനകം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവിൽ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ച‍ർച്ച ചെയ്യാൻ ഇടുക്കി ജില്ലാ കളക്ട‍ർ ഷീബാ ജോർജിൻ്റെ അധ്യക്ഷതയിൽ പ്രത്യേക യോ​ഗം ചേ‍ർന്നു. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി പീരുമേട് താലൂക്കിലെ നാല് വില്ലേജുകളായ ഏലപ്പാറ, ഉപ്പുതറ, പെരിയാർ, മഞ്ചുമല എന്നിവിടങ്ങളിൽ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ വില്ലേജുകൾ, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളിൽ നിന്നും 3220 പേരെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം.