കൊച്ചി: കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിൽ പാർട്ടി ഒത്തുതീർപ്പിലേക്ക്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചുവെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു.
ഇന്ധനവില വര്‍ധനവിനെതിരെ വൈറ്റിലയിൽ കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച വഴിതടയൽ സമരത്തിനെ ജോജു ജോര്‍ജ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ജോജുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അദ്ദേഹത്തിൻറെ വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്.
ജോജു ജോർജ് മദ്യപിച്ചിരുന്നുവെന്നും, സമരക്കാരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നത്.