നീരവ് മോദി ജൂണ്‍ 27 വരെ റിമാന്റില്‍

0
17

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട രത്‌ന വ്യാപാരി നീരവ് മോദിയുടെ റിമാന്റ് കാലാവധി ജൂണ്‍ 27 വരെ നീട്ടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ നടന്നുവരുന്നുണ്ട്.

വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കിയിരുന്ന നീരവ് മോദിയെ ജൂണ്‍ 27 വരെ റിമാന്റ് ചെയ്യാനായിരുന്നു ലണ്ടന്‍ കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ മൂന്ന് തവണയും ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി നീരവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

മധ്യ ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിച്ച് നീരവ് മോദിയെ സ്‌കോര്‍ട്ട്‌ലന്റ് യാര്‍ഡ് പൊലീസ് മാര്‍ച്ച് 19നാണ് അറസ്റ്റ് ചെയ്തത്.

വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന ഗുണഭോക്താവ് നീരവ് മോദിയാണെന്ന് വിചാരണ സമയത്ത് കോടതിയില്‍ വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.