മിഗ് 21 ബൈസൺ പറത്തി ഭാരതത്തിന്റെ പെൺകരുത്ത് ; ഭാവനാ കാന്ത്

0
25

ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് എഫ് 16 വിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 ബൈസൺ എന്ന ആധുനിക പോർവിമാനമാണ്. ഇതുവരെ പുരുഷന്മാർ മാത്രം പറത്തിയിരുന്ന മിഗ് 21 പറത്തിയ ഭാരതത്തിന്റെ ഒരു പെൺപുലിയാണ് ഭാവനാ കാന്ത്. അംബാലാ വ്യോമസ്റ്റേഷനിൽ നിന്നായിരുന്നു പറത്തൽ . നിലവിൽ ബിക്കാനീറിലാണ് ഭാവനാകാന്തിനെ നിയമിച്ചിരിക്കുന്നത്.

പോർവിമാനങ്ങളുടെ രാത്രികാലങ്ങളിലുള്ള പറക്കൽ പരിശീലനം കൂടി പൂർത്തിയാക്കുന്നതോടെ സൈന്യത്തിന്റെ രാത്രികാല ഓപ്പറേഷനുകളിൽ ഭാവനയ്ക്ക് വിമാനം പറത്താനാകും.

മൂന്ന് വർഷം മുൻപാണ് വ്യോമസേനയിലെ ആദ്യത്തെ വനിതാ പോർവിമാന പൈലറ്റ് സംഘം പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ ചരിത്രമുഹൂർത്തത്തിന്‌ സാക്ഷിയായി. ഭാവനാ കാന്തിനൊപ്പം , മോഹനാ സിങ്ങ് , അവാനി ചതുർവേദി എന്നിവരാണ്‌ ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ പോർവിമാന പൈലറ്റുമാരായി അന്ന് ചരിത്രത്തിലിടം നേടിയത്.

2015 ൽ വ്യോമസേനാ ദിനത്തിലെ ഔദ്യോഗിക ആഘോഷചടങ്ങിലാണ്‌ പോർവിമാനങ്ങൾ പറപ്പിക്കാൻ വനിതാ പൈലറ്റുമാർക്ക് അംഗീകാരം നൽകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അരൂപ് രാഹ പ്രഖ്യാപിച്ചത്. ഇന്ത്യൻ സൈനിക ചരിത്രത്തിലെ വിപ്ലവകരമായ ഈ തീരുമാനം ഒരു വർഷം പിന്നിടും മുൻപേ വ്യോമസേന യാഥാർത്ഥ്യമാക്കുകയും ചെയ്തു .