പമ്പ ഡാമിൽ റെഡ് അലർട്ട്; ശബരിമല തീർത്ഥാടനം നിരോധിച്ചു

0
32

പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ശനിയാഴ്ച ശബരിമല തീർത്ഥാടനം നിരോധിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റിസർ‌വോയറിലെ ജലനിരപ്പ് 983.95 മീറ്ററാണ്. ആറ് മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽ വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. രാത്രി 9 മണിക്കാണ് കെ എസ് ഇ ബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത അവസരം നല്‍കും. മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമല തീര്‍ത്ഥാടനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്നലെ രാത്രി 11:40-ഓടെയാണ് നിരോധനം ഏര്‍പ്പെടുത്തി കളക്ടറുടെ ഉത്തരവ് വന്നത്.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.