ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ഏൽപ്പിച്ചത് അനുപമയുടെ അറിവോടെയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്ന് വനിതാ ശിശുക്ഷേമ ഡയറക്ടർ ടിവി അനുപമയുടെ റിപ്പോർട്ട്. കുഞ്ഞിന്റെ അമ്മ അനുപമ ഒപ്പിട്ട രണ്ട് സത്യവാങ്മൂലങ്ങളാണ് ഇതിന് ആധാരമായി വനിതാ ശിശുക്ഷേമ ഡയറക്ടർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ പിതാവ് ജയചന്ദ്രൻ തന്നെ മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ് സത്യവാങ്മൂലത്തിൽ ഒപ്പിടീച്ചതെന്ന് അനുപമ മൊഴി നൽകിയിട്ടുണ്ട്.നിയമ വിരുദ്ധമായ സത്യവാങ്മൂലം നോട്ടറി സാക്ഷ്യപ്പെടുത്തിയതിനെക്കുറിച്ച് പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
ദത്തു നൽകൽ വിവാദത്തെക്കുറിച്ചന്വേഷിക്കാനാണ് വനിതാ ശിശുക്ഷേമ ഡയറക്ടർ ടിവി അനുപമയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത് . ശിശുക്ഷേമ സമിതിക്ക് ചില കാര്യങ്ങളിൽ വീഴ്ചയുണ്ടായെന്ന് ടിവി അനുപമ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിലാണ് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ഏൽപ്പിക്കുന്ന കാര്യം അനുപമ ക്ക് അറിയാമായിരന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു എന്ന് പറയുന്നത്. നിലവിലെ വിവാഹബന്ധം കുഞ്ഞിന്റെ പിതാവ് വേർപ്പെടുത്തുമ്പോൾ ശിശുക്ഷേമ സമിതിയിൽ നിന്ന് വീണ്ടെടുക്കാൻ അധികാരാവകാശങ്ങൾ അനുപമക്കും അജിത്തിനും ഉണ്ടെന്നു പറയുന്നതാണ് പിതാവ് ജയചന്ദ്രനുമായുണ്ടാക്കിയ ഒരു സത്യവാങ്മൂലം .
മറ്റൊരു സത്യവാങ്മൂലവും അനുപമയുടേതായുണ്ട്. രണ്ടിലേയും ഒപ്പ് തന്റേതാണെന്ന് അനുപമ തിരിച്ചറിഞ്ഞു. പൂർണ ഗർഭിണിയായിരിക്കെ ജയചന്ദ്രൻ തന്നെ അടിച്ചും ഭീഷണിപ്പെടുത്തിയുമാണ് മുദ്രപ്പത്രത്തിൽ ഒപ്പിടീച്ചതെന്ന് അനുപമ മൊഴി നൽകി.