കുവൈത്തിൽ അറുന്നൂറ് ദിനാർ വരുമാനം ഇല്ലാത്തവരുടെ ലൈസൻസുകൾ പിൻവലിക്കും

0
30

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ ഡാറ്റ പരിശോധിച്ച് ഡ്രൈവിംഗ് ലൈസൻസുകൾ ഫിൽട്ടർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ട്രാഫിക് വിഭാഗത്തിന് നിർദ്ദേശം നൽകി. ശമ്പളം, യോഗ്യത, ശമ്പള വ്യവസ്ഥയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള ഒഴിവാക്കലുകൾ എന്നിവ ഉൾപ്പെടെ പരിഗണിച്ചു കൊണ്ടായിരിക്കണം ഇതെന്നാണ് നിർദ്ദേശം. ലൈസൻസ് പരിരക്ഷിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് 600 ദിനാർ വരുമാനം ഉണ്ടായിരിക്കണം. നിലവിൽ ഇത്രക്ക് വരുമാനമുള്ള ജോലിയിൽ നിന്നും അതിനു കുറവ് വരുമാനമുള്ള ജോലിയിലേക്ക് മാറുകയാണെങ്കിൽ സ്വാഭാവികമായും ലൈസൻസ് റദ്ദാക്കപ്പെടും. പുതിയ നിർദേശപ്രകാരം ഡ്രൈവിങ് ലൈസൻസ് ഉള്ളവരെ പരിശോധിക്കും. ശമ്പള വ്യവസ്ഥ പാലിക്കാത്ത സാഹചര്യത്തിൽ ലൈസൻസ് പിൻവലിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതായി അൽ- അൻബ പത്രം റിപ്പോർട്ട് ചെയ്തു.
ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിൽ ലൈസൻസ് നേടി പിന്നീട് ബാർബറോ മറ്റോ ആയി തൊഴിൽ മാറിയവരുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ ഡ്രൈവിങ് ലൈസൻസും പിൻവലിക്കും. ശമ്പള വ്യവസ്ഥ പരിഗണിക്കാതെയാണ് മാധ്യമ മേഖലയിലുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത്, ഇവർ പിന്നീട് ഈ മേഖലയിൽ നിന്ന് തൊഴിൽ മാറുകയാണെങ്കിൽ ഇവരുടെ ലൈസൻസ് പിൻവലിക്കും. പുതുക്കിയ ഡ്രൈവിംഗ് ലൈസൻസുകളും ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധിക്കും.