മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർ‍ഡ്; തയാറെടുത്ത് ആരോഗ്യവകുപ്പ്

0
51

എറണാകുളം കളമശേരി, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് വാർഡുകൾ തുറന്നത്. തൊടുപുഴയിലെ കോളജ് വിദ്യാർഥിയായ യുവാവ് ഇന്റേൺഷിപ്പിന്റെ ഭാഗമായി തൃശൂരിൽ താമസിക്കുമ്പോഴാണ് കടുത്ത പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

തൊടുപുഴയിൽ നിന്നു വരുമ്പോൾ തന്നെ പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. അതുകൊണ്ടു തന്നെ യുവാവിന് പനി ബാധിച്ചിരിക്കുന്നത് ഇടുക്കിയിൽ നിന്നാകുമെന്നാണു വിലയിരുത്തൽ. എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയാണു പനിബാധിതനായ യുവാവ്.

തൊടുപുഴയിൽ വീടു വാടയ്ക്കെടുത്താണു യുവാവ് താമസിച്ചിരുന്നത്. 4 പേരും ഒപ്പമുണ്ടായിരുന്നുവെന്നാണു വിവരം. അസുഖം ബാധിച്ചതിനെ തുടർന്നു വീടിനടുത്തുള്ള ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. അവിടെ നിന്നുമാണു എറണാകുളത്തേക്കു റഫർ ചെയ്തത്. യുവാവ് പഠിക്കുന്ന കോളജ് നിരീക്ഷണത്തിലാണെന്നു ഇടുക്കി ഡിഎംഒ: ഡോ. എൻ.പ്രിയ പറഞ്ഞു.

ഇന്നു വൈകിട്ടോടെ മാത്രമേ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധന ഫലം ലഭ്യമാകൂ. ഈ ഫലം കൂടി കിട്ടിയാലെ നിപയുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാനാവൂ. ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൊച്ചിയിലേക്ക് തിരിച്ചു. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ അടിയന്തിരമായി ചികിത്സ തേടണമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

ഫലം പോസിറ്റീവ് ആകുകയാണെങ്കിൽ യുവാവ് താമസിച്ച സ്ഥലങ്ങളിലും മറ്റും എടുക്കേണ്ട അടിയന്തര നടപടി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി തൃശൂരിൽ യോഗം ചേർന്നു. തൃശൂരിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ടെന്നും ആശങ്കയ്ക്ക് സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. വിട്ടുമാറാത്ത ചുമയുള്ളവർ ചികിത്സ തേടണം. ഭയപ്പെടേണ്ട സാഹചര്യമില്ല. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ കൊച്ചിയിലെത്തി.

തൃശൂരിൽ ആറുപേർ കൂടി നിരീക്ഷണത്തിലാണ്. കലക്ടർ ടി.വി. അനുപമ ചേംബറിൽ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം വിളിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ ഒരു കെട്ടിടം മൊത്തത്തിൽ ഒഴിപ്പിച്ചാണ് ഐസൊലേറ്റഡ് വാർഡ് ഒരുക്കുന്നത്.