പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനം; കേരളത്തിന് നേട്ടം

0
22

പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തില്‍ കേരളത്തിനും നേട്ടം. കൊച്ചിയേയും മാലിദ്വീപിനേയും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ടുള്ള ഫെറി സര്‍വീസ് കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സൊളിയും ചേര്‍ന്ന് ഒപ്പു വെച്ചു. കേരളത്തിന്റെ ടൂറിസം രംഗത്ത് ഏറെ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്ന കരാറാണിത്.

കൊച്ചിയില്‍ നിന്നും മാലിയിലേക്കും മാലിയില്‍ നിന്നും തിരികെ കൊച്ചിയിലേക്കുമുള്ള പാസഞ്ചര്‍ കം കാര്‍ഗോ സര്‍വീസ് ആരംഭിക്കാനാണ് ഇരു രാജ്യങ്ങളുടേയും തീരുമാനം. മാലിയില്‍ നിന്നും കൊച്ചിയിലേക്കുള്ള കടല്‍ദൂരം 700 കിലോമീറ്ററാണ്. സര്‍വീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി കഴിഞ്ഞു.

പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ശേഷം നരേന്ദ്രമോദി ആദ്യം സന്ദര്‍ശിക്കുന്ന വിദേശ രാഷ്ട്രമാണ് മാലിദ്വീപ്. അയല്‍ക്കാര്‍ ആദ്യം എന്ന നയത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മാലിദ്വീപ് സന്ദര്‍ശിച്ചത്. മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് നരേന്ദ്രമോദിയെ മാലിദ്വീപ് ആദരിച്ചത്.