കുവൈത്തിൽ നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ ഇടപെട്ട് കുവൈത്ത്‌ ദേശീയ മനുഷ്യാവകാശ സമിതി

0
17

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളികളുൾപ്പെടെ നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ ഇടപെട്ട് കുവൈത്ത് മനുഷ്യാവകാശ സമിതി.  കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ കമ്പനിക്ക്‌ കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാരെ ആയിരുന്നു പിരിച്ചുവിട്ടത് . വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമിതി അധ്യക്ഷൻ ജാസിം അൽ മുബാറക്കി ആരോഗ്യ മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടു. വിഷയത്തിൽ ന്യായമായ പരിഹാരം കണ്ടെത്തണമെന്നും നഴ്‌സുമാരുടെ ജോലി സ്ഥിരതയും ഭൗതിക അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ജാസിം അൽ മുബാറക്കി പറഞ്ഞു.

.കോവിഡ്‌ മഹാ മാരി നേരിടുന്നതിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്നവരിൽ പ്രധാന പങ്ക്‌ വഹിക്കുന്നവരാണു നഴ്സുമാർ.ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന നഴ്‌സുമാരുടെ തൊഴിൽ കരാർ ഇവരുടെ ത്യാഗത്തിന്റെ വില വിസ്മരിച്ചു കൊണ്ട്‌ അന്യായമായി അവസാനിപ്പിക്കുന്നു എന്നതാണു ഇവർ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി.. ഇത് കുവൈത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുന്നതോടൊപ്പം രാജ്യം ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾ വ്രണപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷയത്തിൽ പാർലമന്റ്‌ അംഗം ഹിഷാം അൽ സാലിഹും കഴിഞ്ഞ ദിവസം ഇടപെടൽ നടത്തിയിരുന്നു.ജീ. ടി. സി അൽ സുകൂർ കമ്പനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കപ്പെട്ട 380 ഓളം നഴ്‌സുമാരാണ് തൊഴിൽരഹിതരായത്.  ഇവരിൽ 250 ഓളം പേർ മലയാളികളാണ്. ജനുവരി 26ന് തൊഴിൽ കരാർ അവസാനിക്കുന്നത് സംബന്ധിച്ച് രണ്ടു ദിവസം മുൻപ് മാത്രമാണ് കമ്പനി അധികൃതർ ഇവരെ അറിയിക്കുന്നത്. നാല് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാങ്ങിയാണ് വിവിധ കാലങ്ങളിൽ ഇവരിൽ ഭൂരിഭാഗം പേർക്കും കമ്പനി നിയമനം നൽകിയത്. അവധിയിൽ നാട്ടിലേക്ക് പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ വീണ്ടും ജോലി നൽകാം എന്നുമാണ് കമ്പനി ഇവരെ ധരിപ്പിച്ചിരിക്കുന്നത്.റിലീസ് നൽകിയാൽ ഇവർക്ക് ഉയർന്ന ശമ്പളത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ തന്നെ നേരിട്ട് നിയമനം ലഭിച്ചേക്കും.എന്നാൽ പണം വാങ്ങി പുതിയ ഉദ്യോഗാർഥികളെ റിക്രൂട് ചെയ്യാനുള്ള സാധ്യത കമ്പനിക്ക് നഷ്ടമാകും എന്നതാണ് കമ്പനി അധികൃതർ ഇതിനു തയ്യാറാകാത്തത്‌.