ഹിജാബ് വിഷയം, വിവാഹപ്രായം 21 ആക്കൽ എന്നിവയിൽ കേന്ദ്രത്തെ പിന്തുണക്കാതെ ആർഎസ്എസ്

0
22

നാഗ്പുർ: ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ ഉണ്ടായ വിവാദം പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് ആർഎസ്എസ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ സ്വാധീന മേഖല വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതായി കാണുമ്പോൾ, പ്രാദേശിക തലത്തിൽ വിഷയം കൈകാര്യം ചെയ്യേണ്ടതായിരുന്നു. അതുകൊണ്ടാണ് സംഘം വിഷയത്തിൽ ഇടപെടാത്തതെന്നും ആർഎസ്എസ്. വ്യക്തമാക്കി.

രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര   സർക്കാർ നിർദേശത്തിൽ ആർഎസ്എസിന് അഭിപ്രായവ്യത്യാസമുണ്ട് .  ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നതായും വക്താവ് വ്യക്തമാക്കി.

‘ആദിവാസികൾക്കിടലും ഗ്രാമപ്രദേശങ്ങളിലും വിവാഹങ്ങൾ നേരത്തെ നടക്കുന്നത് സ്വാഭാവികമാണ്. ഇത് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നുവെന്നും ഗർഭധാരണം നേരത്തെയാക്കുമെന്നുമാണ് ഗവൺമെന്റിന്റെ വാദം. ഇത്തരം കാര്യങ്ങളിൽ സർക്കാർ എത്രമാത്രം ഇടപെടണം എന്നതാണ് ചോദ്യം. ചില കാര്യങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണം’ മുതിർന്ന ആർഎസ്എസ് നേതാവ് പറഞ്ഞു.

മാർച്ച് 11 മുതൽ 13 വരെ അഹമ്മദാബാദിൽ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) ബൈഠക്കിൽ ഈ രണ്ട് വിഷയങ്ങളും മറ്റ് സമകാലിക വിഷയങ്ങളും ചർച്ച ചെയ്യുമെന്നും ആർഎസ്എസ്. വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്തുന്ന ബിൽ സർക്കാർ കൊണ്ടുവന്നത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് കൂടുതൽ ചർച്ചയ്ക്കായി ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചു