നിസ്സഹായതയുടെ നിരത്തുകളിൽ അതിക്രമത്തിന്റെഡബിൾ ബെല്ലുകൾ

വിജി മനോജ്‌

0
19

ഇന്നലെയും കേട്ടു ഒരു പെണ്ണിന്‍റെ മാനം രക്ഷിക്കാന്‍ വേണ്ടിയുള്ള നിലവിളി. ദിവസേന അതിക്രമിക്കപ്പെടുന്ന ആയിരക്കണക്കിനുസ്ത്രീകളില്‍, നാവുള്ള ഒരു പെണ്ണ്. അവളുടെ അനുഭവത്തില്‍ അവനെതിരെ പ്രതികരിക്കാന്‍ ഒരാള്‍ക്കൂട്ടം തന്നെയുണ്ടായി എന്നുള്ളത് ആശ്വാസംനല്‍കുന്ന വാര്‍ത്ത തന്നെയാണ്.  കുമാരനാശാന്‍റെ സീത ശ്രീരാമനോട് ചോദിച്ചപോലെ എവിടെയോ ഇരുന്നൊരു രാക്ഷസന്‍ എന്‍റെ ചന്തം കണ്ടു കൊതിച്ചതിന് ഞാനെങ്ങനെയാണ് അപരാധിയാകുക എന്ന് സമൂഹത്തോട് ചോദിക്കാനുള്ള അവസരമുണ്ടാക്കേണ്ടയെന്നു കരുതി ദുരനുഭവങ്ങള്‍ക്കു നേരെ കണ്ണടച്ചുകളയുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും എന്നതാണ് യാഥാര്‍ഥ്യം.  പീഡനശ്രമം നടന്നത് ഒരു ആഡംബരബസിനുള്ളിലാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സാധാരണ നിരക്കിന്‍റെ മൂന്നിരട്ടിയില്‍ കൂടുതല്‍ കൊടുത്ത് ആഡംബരബസില്‍ യാത്രചെയ്യുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത് ആഡംബരമല്ല, സുരക്ഷിതത്വമാണെന്ന് ഇനിയെന്നാണ് നമ്മുടെ ബസുടമകള്‍ മനസിലാക്കുക? ഉറങ്ങിക്കിടക്കുന്ന ഒരു പെണ്ണിന്‍റെ തുണിയല്‍പ്പം നീങ്ങിക്കിടന്നാല്‍ അത് അമ്മയോ പെങ്ങളോ സ്വന്തം മകള്‍ തന്നെയോ എന്നു നോക്കാതെ ആള്‍ക്കൂട്ടത്തില്‍ പോലും അവളെ ആക്രമിക്കാനും മാത്രം മാനസിക വൈകല്യമുള്ള ഒരുത്തനെ നൂറുകണക്കിന് ആളുകളുടെ ജീവന്‍റെ സ്റ്റിയറിംഗ് ഏല്‍പ്പിക്കുന്ന വണ്ടിമുതലാളിമാരുള്ള ഇക്കാലത്ത് എങ്ങനെയാണ് സ്ത്രീകള്‍ സുരക്ഷിതരായി യാത്ര ചെയ്യുന്നത്..

 

                   ബസിനുള്ളിലിട്ടു യാത്രക്കാരെ തല്ലിച്ചതച്ച വാര്‍ത്ത വന്ന് അതിന്‍റെ അലയൊടുങ്ങും മുന്‍പ് വന്നിരിക്കുന്ന ഈ പീഡനവാര്‍ത്തയും അതേ ഉടമയുടെ ബസില്‍നിന്നുതന്നെയാണ് വന്നിരിക്കുന്നത്. പീഡനവും ഗുണ്ടായിസവും മാത്രമല്ല, തങ്ങള്‍ക്ക് മനുഷ്യത്വമില്ലായ്മയും വശമുണ്ട് എന്ന് തെളിയിക്കാന്‍ മറ്റൊരു യാത്രക്കാരനെക്കൂടി ആശുപത്രിക്കിടക്കയിലാക്കിയിരിക്കുന്നു വാര്‍ത്തകളില്‍ നിന്നും ഒഴിയാന്‍ മനസ്സിലെന്നു പറഞ്ഞുകൊണ്ട് കല്ലട ബസ്‌ വീണ്ടും. ബസ്‌ ഓവര്‍സ്പീഡില്‍ പോയ സമയം ഹമ്പില്‍തട്ടി താഴെ തെറിച്ചുവീണ യാത്രക്കാരനെ മരണവേദനയില്‍ കരഞ്ഞുവിളിച്ചിട്ട്പോലും ആശുപത്രിയിലാക്കാന്‍ ബസുകാര്‍ തയ്യാറായില്ലെന്നും പരാതിയിലുണ്ട്. പയ്യന്നൂര്‍ സ്വദേശിയായ യാത്രക്കാരന്‍ മോഹനനെ അദ്ദേഹത്തിന്റെ മകന്‍ സുധീഷ്‌ രണ്ടുമണിക്കൂറിനുശേഷം ഇറങ്ങേണ്ടയിടത്ത് ആംബുലന്‍സുമായി വന്നാണ് ആശുപത്രിയിലാക്കിയത്. ടോയ്ലെറ്റില്‍ പോകണമെന്ന ഇദ്ദേഹത്തിന്‍റെ ആവശ്യം, കുപ്പി വച്ച് അഡ്ജസ്റ്റ്ചെയ്യാന്‍ പറഞ്ഞു പരിഹസിക്കുകയും ചെയ്തു മഹാമനസ്കരായ ബസുകാര്‍.

                                    വാര്‍ത്തയായത് കേവലമൊരു കല്ലട ബസിലെ അനുഭവങ്ങള്‍ മാത്രമാണെങ്കിലും ഇത് ഒരു ബസിലോ ബസുകളിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രവണതയല്ല, എല്ലായിടങ്ങളിലും സ്വന്തം വീടും തൊഴിലിടങ്ങളും ഉള്‍പ്പെടെ എല്ലായിടങ്ങളിലും, പെണ്ണനുഭവിക്കേണ്ടിവരുന്ന യാതനകളുടെ കടലിന്‍റെ ഒരു തുള്ളി മാത്രമാണ്. മോഹിപ്പിക്കും വിധം എന്തിന് പുരുഷന്മാരുടെ മുന്നില്‍പോയി നില്‍ക്കുന്നു എന്നു പുരികം ചുളിക്കുന്ന സമൂഹമുള്ള ഇക്കാലത്ത്, വീണു കിടക്കുന്ന ഒരുത്തനെ ഒരു വിരല്‍തുമ്പുകൊണ്ടുപോലും ഉയര്‍ത്താന്‍ ശ്രമിക്കാത്ത മാനസികാവസ്ഥയുടെ ഇക്കാലത്ത് സീതയ്ക് ചോദിക്കാനുള്ളത് മാത്രമേ ചോദിക്കാനുള്ളൂ മറ്റുള്ളവരുടെ പിഴയ്ക് പാത്രമായി എങ്ങനെയാണ് ഈ ഭൂമിയില്‍ ശേഷിച്ച കാലം കഴിഞ്ഞുകൂടുക