തിരുവനന്തപുരം ലോ കോളജില്‍ ഉണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്.എഫ്.ഐ നേതാക്കളേയും ഗുണ്ടകളേയും തിരിച്ചറിയാനാകുന്നില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. എസ്.എഫ്.ഐക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലയ്ക്ക് നിര്‍ത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ലോ കോളജില്‍ ഇന്നലെ രാത്രിയാണ് എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമട്ടല്‍ ഉണ്ടായത്. കോളജ് യൂണിയല്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സഫ്‌നയെ നിലത്തിട്ട് വലിച്ചിഴക്കുകയും, വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷം.