മുംബൈ: ബീഹാർ സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ബിനോയി കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഇന്ന് ഉച്ച കഴിഞ്ഞ് 2.45 നാണ് ജാമ്യഹർജിയിൽ വിധി പറയുക. വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കവെ ബിനോയിയുടെ അറസ്റ്റ് കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിക്കും.യുവതിയുടെ അഭിഭാഷകൻ പുതിയ തെളിവുകൾ ഇന്നു കോടതിയിൽ സമർപ്പിച്ചേക്കും. കേസിൽ വാദങ്ങൾ എഴുതി നൽകാൻ കോടതി യുവതിയുടെ അഭിഭാഷകനെ അനുവദിച്ചിരുന്നു. എന്നാൽ കേസിൽ വാദിക്കാനുള്ള അനുമതി നൽകിയിട്ടില്ല. തനിക്കും കുട്ടിക്കും ബിനോയ് ടൂറിസ്റ്റ് വിസ അയച്ചു തന്നതിന്റെ രേഖകൾ യുവതി കോടതിയിൽ നേരത്തെ ഹാജരാക്കിയിരുന്നു. ടൂറിസ്റ്റ് വിസ അയച്ചത് ബിനോയിയുടെ സ്വന്തം ഇ-മെയിൽ ഐഡിയിൽനിന്നാണെന്നും 2015 ഏപ്രിൽ 21നാണ് വിസ അയച്ചതെന്നും യുവതി കോടതിയെ അറിയിച്ചു.കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്ന് ബിനോയി നിരന്തരം ഭീഷണിപ്പെടുത്തിയതായും യുവതി കോടതിയിൽ പറഞ്ഞു.
യുവതി കൂടുതൽ തെളിവുകൾ ഹാജരാക്കിയ സാഹചര്യത്തിലാണ് വിധി പറയുന്നത് മാറ്റിയത്.എന്നാൽ യുവതി സ്വകാര്യ അഭിഭാഷകനെ ചുമതലപ്പെടുത്തിയത് പ്രതിഭാഗം എതിർത്തിരുന്നു. ബ്ലാക്ക് മെയിൽചെയ്തു പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ്റെ വാദം.