നോമ്പ് കാലങ്ങൾ നെയ്യ് മണക്കുന്ന വേകുന്നേരങ്ങളുടെ ദിനങ്ങളാണ് :(ഷിഫാന സലിം )

0
21
Ramadan Kareem holiday table with dry fruits, nuts, dates, baklava. Eastern abundance. Copy space
നോമ്പ് കാലങ്ങൾ നെയ്യ് മണക്കുന്ന വേകുന്നേരങ്ങളുടെ ദിനങ്ങളാണ്. കുഞ്ഞായിരിക്കുമ്പഴേ റമദാനിൽ നോമ്പെടുക്കുമായിരുന്നു..
‘നവയ്തു സൗമഅദിൻ..’ ഉമ്മമ്മ ചൊല്ലി തരും.
അന്നൊന്നും നിയ്യത്ത് വെക്കുക എന്നാൽ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. സംശയങ്ങളുടെ കടലുള്ള എന്നെ പറഞ്ഞു മനസ്സിലാക്കാൻ അന്നേ ആരും ഉണ്ടായിരുന്നുമില്ല.
രാവിലെ പുലർച്ചെക്കെണീറ്റു ഭക്ഷണം കഴിക്കുമ്പോൾ സുബ്ഹി ബാങ്ക് കേൾക്കും വരെ ഉറങ്ങാതിരിക്കുമ്പോൾ പിന്നീട് കൊറേ നേരത്തേക്ക് വിശന്നിരിക്കേണ്ടതിനെ കുറിച്ച് ഞങ്ങളിൽ കൊറച്ചു കുട്ടികളെങ്കിലും ആകുലപെട്ടിരുന്നു.
എന്നാലും ഞങ്ങൾ കുട്ടികൾക്കിടയിൽ എത്ര നോമ്പാണ് ഏറ്റവും കൂടുതൽ ആരാണ് എടുക്കുക എന്നുള്ള മത്സരമായിരിക്കും. ഒന്നാം നോമ്പ് തൊട്ട് പെരുന്നാളിനെ കുറിച്ചുള്ള സ്വപ്നങ്ങളായിരിക്കും.
പുത്തൻ വസ്ത്രങ്ങളുടെയും മൈലാഞ്ചിയുടെയും ബിരിയാണിമണവും കൂടിച്ചേർന്ന മദിപ്പിക്കുന്ന മണം ഓർത്തോർത്തു കിടക്കും.
നോമ്പ് കാലം തുടങ്ങും മുൻപ് വീടുകൾ വൃത്തിയാക്കാൻ ആരംഭിക്കും ഇവിടെ മലപ്പുറം ഭാഗങ്ങളിൽ അതിനെ നനച്ചുകുളി എന്നാണ് പറയുക.
മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒരു വിശ്വാസി ഏറ്റവും കൂടുതൽ ഒരുങ്ങുന്ന സമയം കൂടിയാണത്.
തങ്ങളെ കേൾക്കാൻ സൃഷ്‌ടാവ് ഏഴാകാശവും കടന്ന് താഴെക്കിറങ്ങി വരുമെന്നും തങ്ങളുടെ പ്രാർത്ഥനകൾക്കുത്തരം തരുമെന്നും വിശ്വാസികൾ വിശ്വസിക്കുന്നു.
എത്ര അടുക്കും ചിട്ടയുമില്ലാതെ ജീവിക്കുന്നവരായാൽ പോലും അക്കാലങ്ങളിൽ ആത്മീയ വഴികളിലേക്ക്,
നേരം തെറ്റാതെ പള്ളികളിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്.
വെറും പട്ടിണി കിടക്കുന്നതിനപ്പുറം മാനസികമായും ആത്മീയമായും ഒരു മനുഷ്യൻ ശുദ്ധീകരിക്കേണ്ട മാസമായി എനിക്ക് അക്കാലങ്ങളെ തോന്നാറുണ്ട്.
സ്കൂളിൽ പഠിക്കുമ്പോൾ കൂടെ മറ്റു മതത്തിലുള്ള കുട്ടികളും ഞങ്ങളുടെ കൂടെ നോമ്പാനുഷ്ഠിക്കുമായിരുന്നു.
ഒരേ സമയം ഒരു മതത്തിന്റെ മാത്രമല്ലാത്ത മാസം കൂടിയാണ് റമദാൻ.
പണ്ട് കാലങ്ങളിൽ മലബാർ പ്രദേശങ്ങളിൽ നോമ്പ് കാലത്ത് വൈകുന്നേരങ്ങളിൽ മുസ്ലിം വീടുകളിൽ മാപ്പിള രാമായണം ചൊല്ലിയിരുന്നു.
രാമന്റെയും സീതദേവിയുടെയും കഥകൾ മാപ്പിള ഭാഷയിലേക്ക് മാറ്റിയ വളരെ അപൂർവമായ ഈ കൃതി അടുത്ത കാലത്താണ് കണ്ടു പിടിക്കപ്പെട്ടത്.
ഖുർആൻ മത്സരിച്ചോതിയും പള്ളിയിൽ മുടങ്ങാതെ പോയും ആൺകുട്ടികൾ നോമ്പുകാലങ്ങൾ ആഘോഷിക്കുമ്പോൾ ഞങ്ങൾ പെൺകുട്ടികൾ വൈകുന്നേരക്കത്തേക്കുള്ള പത്തിരി അമർത്തൽ പരത്തൽ തുടങ്ങിയവക്കുള്ള സഹായം ചെയ്തു കൊടുക്കുകയാകും.
അരിപ്പൊടി കൊണ്ട് നേർമയിൽ ഉണ്ടാക്കുന്ന നൈസ് പത്തിരി ഇറച്ചിക്കറിയിൽ തേങ്ങ വറുത്തരച്ചു പാർന്നു വെച്ചത് റവകൊണ്ടുണ്ടാക്കി ചെറിയുള്ളി നെയ്യിൽ മൂപ്പിച്ചെടുത്ത പായസം തണ്ണീർമത്തന്റെ തണുപ്പ് ഇതൊക്കെ ചേർന്നുള്ള മണവും ബാങ്കിന്റെ ഒച്ചയും അടുക്കളയിലെ തിരക്കും ഒക്കെ നോമ്പ് വേകുന്നേരങ്ങളുടെ പതിവ് കാഴ്ചകളാണ്.
ഉള്ളവർ ഇല്ലാത്തവർക്ക് കൊടുത്തും ദാനം ചെയ്തും മതവും ജാതിയും നോക്കാതെ ഭക്ഷണം പങ്കു വെച്ചും ഓരോ റമദാനും പുണ്യത്തിന്റെ മാസമാകുന്നു.
വിശപ്പിന്റെ രുചിയറിയുവാനും പട്ടിണി കിടക്കുന്നവരുടെ വേദനകൾ മനസ്സിലാക്കാനും കൂടെ വേണ്ടിയാണ് മതം നോമ്പെടുക്കൽ അനുശാസിക്കുന്നത്.
ആരോഗ്യപരമായി ശരീരത്തിനും വളരെ നല്ല രീതിയിൽ ബാധിക്കുന്ന റമദാൻ മാസം ശരീരത്തിനൊപ്പം മനസ്സിനെയും ശുദ്ധീകരിക്കുന്നു.
ഓരോ നോമ്പ് കാലങ്ങളും നഷ്ടങ്ങളെ ഓർത്തെടുക്കുന്നത് കൂടിയാണ്.
കഴിഞ്ഞ നോമ്പ് സമയങ്ങളിൽ കൂടെയുണ്ടായിരുന്നവർ ഇന്നില്ലെന്ന തിരിച്ചറിവ് കൊണ്ട് വേദനയുണ്ടാക്കുന്നതാണ്.
ഈ നോമ്പ് കാലം എനിക്ക് കണ്ണുനീരിന്റെ കയ്പ്പ് കൂടി ചേർന്നതാണ്..
കഴിഞ്ഞ റമദാനിൽ ഒരുമിച്ചു നോമ്പ് തുറന്ന കൂടപ്പിറപ്പ് ഇന്നില്ല..
ഓരോരുത്തർക്കും നോമ്പ് കാലങ്ങൾ ഓരോരോ ഓർമകളാണ്.
സമൂഹ നോമ്പുതുറകളും സകാത്തു കൊടുക്കലുകളും വാങ്ങലുകളും പുത്തനുടുപ്പുകളും വിശപ്പും അങ്ങനങ്ങനെ മുപ്പതു ദിവസങ്ങൾ പോകുന്നതറിയില്ല.
എങ്കിലും വിശപ്പിന്റെ വിളിയോളം പോന്ന മറ്റൊന്നില്ലെന്ന് പട്ടിണിയാണ് ഏറ്റവും ഭീകരമായ അവസ്ഥയെന്ന് ഒരു പരിധി വരെ നോമ്പ് കാലങ്ങൾ മനുഷ്യന്റെ മനസ്സിൽ പറഞ്ഞു വെച്ചു പോകുന്നുണ്ട്.