ജഹാംഗീർ പുരി നീതി നിഷേധം, പ്രതിരോധം തീർത്ത് സഖാവ് ബൃന്ദാ കാരാട്ട്

0
27

പ്രൊഫ. എ. പി അബ്ദുൽ വഹാബ്:

വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർ പുരിയിൽ ന്യൂനപക്ഷ വിഭാഗത്തിൻ്റെ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നിരത്തുകയായിരുന്ന ബുൾഡോസറുകൾക്ക് നേരെ വിരൽ ചൂണ്ടാനും അരുതെന്ന് പറയാനും സഖാവ് ബൃന്ദാ കാരാട്ട് മാത്രം !

ദേശീയ പാർട്ടികളും ദേശീയ നേതാക്കളും സർവ്വ മാന മതേതര നാട്യങ്ങളും പിൻവലിഞ്ഞേടത്ത് ഒരു ബൃന്ദാ കാരാട്ടെങ്കിലുമുണ്ടായത് ഭാഗ്യം. പൊടിപടലങ്ങളടങ്ങിയിട്ട് വേണം ഞെട്ടാനും പ്രതിഷേധിക്കാനുമെന്ന് കരുതി കാത്തിരിക്കുന്ന രാഷ്ട്രീയ കാപട്യങ്ങളെക്കുറിച്ച് പരിഭവിക്കുന്നില്ല. കോൺഗ്രസ്സിൽ നിന്നോ രാഹുൽ – പ്രിയങ്കാജിമാരിൽ നിന്നോ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ന്യൂനപക്ഷങ്ങൾക്ക് സ്വയം ആപ്പിലാവാൻ ആം ആദ്മിയുണ്ടാവില്ലെന്നും കട്ടായം. മറ്റൊരു കൂട്ടരുണ്ടല്ലോ; തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ഗല്ലികളിൽ നിരങ്ങി തൊണ്ട പൊട്ടുമാറുച്ചത്തിൽ സമുദായ രക്ഷയുടെ ഗീർവാണം വിട്ട ന്യൂനപക്ഷ നേതാക്കൾ, അവയിലൊരെണ്ണത്തെയും കണ്ടില്ല, ജഹാംഗിർപുരിയിലോ പരിസരത്തോ ! ചിലർ ആവി പറക്കുന്ന ഇഫ്താറുകളിൽ അഭിരമിക്കുകയാവാം, വേറെ ചിലർ ഒപ്പമുള്ളവരെ പുറത്താക്കിയതിൻ്റെ വീരസ്യത്തിൽ ഊറ്റം കൊണ്ടുറങ്ങുകയാവാം; എല്ലാ അഖിലേന്ത്യകളും സുരക്ഷിതമായ മാളങ്ങളിലാണ് !

ബൃന്ദ സഖാവിൻ്റെ ഇടപെടലുകൾ ഇതാദ്യത്തേതല്ല, പൗരത്വ പ്രക്ഷോഭത്തിലും ആൾക്കൂട്ടകൊലനിലങ്ങളിലും മർദ്ദിതരോടൊപ്പം അവരുണ്ടായിട്ടുണ്ട്. അല്ലെങ്കിലും, ബൃന്ദ സഖാവും ആനി രാജയും ടീസ്റ്റ സെതൽവാദും അരുന്ധതി റോയിയും പൗരത്വ പ്രക്ഷോഭ സമര നായിക ബിൽക്കിസുമ്മയും ഉൾപ്പെടെയുള്ള രാജ്യത്തിന്റെ പെൺപടയുടെ പ്രതിരോധക്കരുത്ത് വേറിട്ട് തന്നെ നിൽക്കുന്നു.
സഖാവ് ബൃന്ദ കാരാട്ടിന് ബിഗ് സല്യൂട്ട്!