കുവൈറ്റ് കല ട്രസ്റ്റ് സാംബശിവൻ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്.

0
26

തിരുവനന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസ്സിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കുവൈറ്റ് കല ട്രസ്റ്റ് അനശ്വര കാഥികൻ വി സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള സാംബശിവൻ സ്മാരക പുരസ്കാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത കവിയും പത്രപ്രവർത്തകനും ചലച്ചിത്ര-നാടക ഗാനരചയിതാവും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഏഴാചേരി രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മാനവ ജീവിതത്തിന്റെ സംഘർഷങ്ങളും സങ്കടങ്ങളും വിശകലനം ചെയ്യുന്ന ഏഴാചേരിയുടെ രചനകൾ സാമൂഹ്യ പ്രതിബദ്ധത വായനകാരനെ ബോധ്യപ്പെടുത്തുന്നതാണ്. പുരോഗമന ആശയത്തിന് കരുത്തു പകരുന്ന ഏഴാചേരിയുടെ കൃതികൾ കവിതയെ ജനകീയമാകുന്നതിൽ പ്രധാന പങ്കു വഹിച്ചുവെന്ന് തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2019 ജൂലൈ 21, ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടയം സഹകരണ സംഘത്തിന്റെ പൊൻ‌കുന്നം വർക്കി ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സിപി‌ഐ‌എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അവാർഡ് സമ്മാനിക്കും.

കേരളത്തിലെ കലാ-സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനുവേണ്ടി 2000 മുതൽ കുവൈറ്റ് കല ട്രസ്റ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള ഈ പുരസ്കാരം. ഒഎൻ‌വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ്മ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, പി.കെ. മേദിനി, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പാലൊളി മുഹമ്മദ് കുട്ടി ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്കാണ് മുമ്പ് കല ട്രസ്റ്റ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്.

പ്രസ്തുത ചടങ്ങിൽ വെച്ച് കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തിൽ പഠിച്ച് ഉന്നത മാർക്കോടെ പത്താം തരത്തിൽ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികൾക്കാണ് വിദ്യാഭ്യാസ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ കല ട്രസ്റ്റ് ചെയർമാൻ എം വി ഗോവിന്ദൻ, കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട്, എക്സിക്യുട്ടീവ് അംഗം ദിവാകരൻ വാര്യർ, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടികെ സൈജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.