സുവർണ്ണ ജൂബിലിയുടെ നിറവിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്

0
18

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ് ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നു. ‘പ്രകാശം പരത്തി അരനൂറ്റാണ്ട്’ എന്ന പ്രമേയത്തിലാണ് ഗോൾഡൻ ജൂബിലി പരിപാടികൾ സംഘടിപ്പിക്കുന്നത്. 1972ൽ രൂപീകരിച്ച കെ.ഐ.ജി ജനസേവന മേഖലയിലും ജീവകാരുണ്യ രംഗത്തും സമൂഹങ്ങൾക്കിടയിൽ സൗഹാർദം കാത്തുസൂക്ഷിക്കുന്നതിലും ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന സേവന പദ്ധതികളും പരിപാടികളുമാണ് അസൂത്രണം ചെയ്തിട്ടുള്ളത്.

ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം മേയ് 13 വെള്ളിയാഴ്ച വൈകീട്ട് 6.45ന് അബാസിയ സെൻട്രൽ സ്‌കൂളിൽ നടക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിക്കും.

കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. മീഡിയ വൺ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് ‘സമകാലിക ഇന്ത്യയുടെ വർത്തമാനം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

ഗോൾഡൻ ജൂബിലിയോടാനുബന്ധിച്ചു കെ. ഐ. ജി പുറത്തിരക്കുന്ന ലോഗോയുടെ പ്രകാശനം കുവൈത്ത് പാർലമെന്റ് അംഗം ഉസാമ ശാഹീൻ നിർവഹിക്കും.
പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ , കെ.ഐ.ജിയുടെ മുൻ പ്രസിഡന്റുമാരായ പി.കെ. ജമാൽ, എൻ.കെ. അഹ്‌മദ്‌, കെ.എ സുബൈർ, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ സംസാരിക്കും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, വൈസ് പ്രസിഡന്റുമാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, പ്രചാരണ കൺവീനർ കെ.വി. ഫൈസൽ എന്നിവർ പങ്കെടുത്തു.