സജി ചെറിയാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം, സഭ പിരിഞ്ഞു

0
26

ഭരണഘടന വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയില്‍ ചോദ്യം ഉന്നയിക്കാതെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ബഹളം ആരംഭിച്ചതിനെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തര വേളയും റദ്ദാക്കുകയായിരുന്നു.

എട്ട് മിനിട്ട് നേരം മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടി വി കാണിച്ചില്ല. അതേസമയം സജി ചെറിയാന്റെ പ്രസംഗത്തെ തുടര്‍ന്നുള്ള പരാതികളില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തും. മന്ത്രിക്കെതിരെ പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികളെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.