ബിനോയ് കോടിയേരിക്കെതിരായ പീഡനകേസ് ഒത്തു തീര്‍ക്കാന്‍ പറ്റില്ലന്ന് ബോംബെ ഹൈക്കോടതി

0
12

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ കേസ് ഒത്തു തീര്‍ക്കാന്‍ പറ്റില്ലന്ന് ബോംബെ ഹൈക്കോടതി. രണ്ടുപേരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങള്‍ക്കുണ്ടായ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിഗണച്ചാണ് ഹൈക്കോടതിയിലെ നിലവിലുളള കേസ് റദ്ദാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടത്

ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍. ഭോര്‍ക്കര്‍ എന്നിവര്‍ വ്യക്തമാക്കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ക്കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. ബിനോയിയും ബീഹാര്‍ സ്വദേശിയും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചപ്പോള്‍, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്പാകെ വ്യക്തമാക്കി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.ആര്‍. ഷിന്ദേയോട് ഇക്കാര്യത്തില്‍ വിശദീകരണം തിരക്കിയപ്പോള്‍ വിവാഹിതരാണെന്നാണ് അവര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍ക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വ്യക്തമാക്കി.