ശ്രീലങ്കൻ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗേ രാജിവച്ചു. സര്‍വ്വ കക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനാണ് രാജി സമര്‍പ്പിക്കുന്നതെന്ന് റനില്‍ വിക്രമ സിംഗേ അറിയിച്ചു. സര്‍വ്വ കക്ഷിയോഗത്തിലാണ് ഈ തിരുമാനമുണ്ടായത്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്കുക, പകരം നാഷണല്‍ അസംബ്‌ളിയുടെ സ്പീക്കറെ പുതിയ സര്‍ക്കാരിലെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു സര്‍വ്വ കക്ഷിയോഗത്തിലുണ്ടായ തിരുമാനം.
അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിസന്നദ്ധത അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സൈനിക കപ്പലില്‍ ഇരുന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കൈയടക്കുന്നതിന് മുമ്പേ അദ്ദേഹം രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സൈനിക കപ്പലില്‍ ലങ്കന്‍ തീരത്തുതന്നെയുള്ള പ്രസിഡന്റ് നിലവിലെ കലുഷിതമായ സാഹചര്യം മാറിയാല്‍ മാത്രമേ കൊളംമ്പോയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.