പ്രവാസികൾ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്ക് അവധിക്ക് പകരം പണം നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കിത്തുടങ്ങി

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് അവധി ദിവസങ്ങളിൽ തൊഴിലെടുത്തതിന് പകരം പണം നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കി തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അവധിക്കാലം ഉപയോഗപ്പെടുത്താത്തവർക്ക് പകരം പണം നൽകണമെന്ന് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു സർക്കാർ ഉത്തരവിറക്കിയത്. അതേസമയം പദ്ധതി നടത്തിപ്പിനും മുൻപായി മന്ത്രാലയങ്ങൾ അവധി കാലയളവ് കുറച്ചതായി അൽ അൻബ പത്രം ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച റിപ്പോർട്ട് ചെയ്തു. അവധിയിൽ തൊഴിലെടുത്ത ദിവസങ്ങളുടെ എണ്ണം പരിമിതപ്പെടുത്താതെ ജീവനക്കാരുടെ അഭ്യർത്ഥനകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടക്കുന്നത് എന്നും റിപ്പോർട്ടിലുണ്ട്. ഏറ്റവും കുറഞ്ഞ അവധിക്കാല ബാലൻസ് 30 ദിവസം ആയിരിക്കണമെന്നും വാർത്തയിൽ പറയുന്നു.ധനമന്ത്രാലയവുമായി ഏകോപിപ്പിച്ച് ഓരോ മന്ത്രാലയവും പണവിതരണം നിർണ്ണയിക്കും.പ്രവാസികൾ ഉൾപ്പെടെ എല്ലാ സർക്കാർ ജീവനക്കാർക്കും പദ്ധതി ബാധകമാകുമെന്ന് അൽ അൻബ റിപ്പോർട്ട് ചെയ്തു. പദ്ധതി ഉപയോഗപ്പെടുത്തുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്തിരിക്കണം, കൂടാതെ ഗ്രിഗോറിയൻ വർഷാവസാനം കുറഞ്ഞത് 30 ദിവസത്തെ അവധിയും ഉണ്ടായിരിക്കണം.ജീവനക്കാർക്ക് അവസാന രണ്ട് മൂല്യനിർണ്ണയങ്ങളിലും മികച്ച പ്രകടനം നടത്തിയതായി രേഖപ്പെടുത്തിയിരിക്കുകയും വേണം.