റാന്നിയിൽ തെരുവ് നായയുടെ കടിയേറ്റ അഭിരാമി മരിച്ചു

0
18

പത്തനംതിട്ട: റാന്നിയിൽ തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ അഭിരാമി (12) മരിച്ചു.  പേ വിഷബാധയ്‌ക്കെതിരെ കുത്തിവെപ്പെടുത്തിട്ടും ആരോഗ്യനില വഷളായി.   കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  വെൻ്റിലേറ്ററിലായിരുന്നു കുട്ടി.

കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്.  .  രണ്ട് കാലിലുമായി ആറിടത്തും  കണ്ണിനോടു ചേര്‍ന്നും കടിയേറ്റു. പാല്‍ വാങ്ങാൻ പോകുന്നതിനിടെ റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് റോഡില്‍ വെച്ചായിരുന്നു  സംഭവം.പട്ടിക്കടിയേറ്റ ശേഷം  മൂന്നു കുത്തിവയ്പുകള്‍ എടുത്തിരുന്നു.

കുട്ടി ആദ്യം ചികിത്സ തേടിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും വാക്‌സിന്‍ റാന്നി പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തു. ഈ മാസം പത്തിനാണ് നാലാമത്തെ വാക്‌സീന്‍ എടുക്കേണ്ടിയിരുന്നത്.