കുവൈത്ത് സിറ്റി: പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചവർ അറസ്റ്റിലായെന്ന പ്രചാരണം വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്‌മെന്റ് വാർത്താകുറിപ്പിറക്കി.
പല മാധ്യമങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവേകൾ നടത്തുകയും ശാസ്ത്രീയമോ അക്കാദമികമോ ആയ അടിസ്ഥാനങ്ങളില്ലാതെ തിരഞ്ഞെടുപ്പ് വിശകലനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതായി ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസിദ്ധീകരണത്തിനും അച്ചടിക്കും അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ലഫിഅൽ-സുബൈ പറഞ്ഞു.
ഇത്തരം സർവേകൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെറ്റായ വിവരങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേ സമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 376 ൽ നിന്ന് 374 ആയി കുറഞ്ഞു.എട്ട് സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണിത്. സെപ്തംബർ 22 വരെ തിരഞ്ഞെടുപ്പിന് ദിവസത്തിന് ഏഴ് ദിവസം മുമ്പ് വരെ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശ പത്രിക പിൻവലിക്കാനാകും .
മാധ്യമ സ്ഥാപനങ്ങൾ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പബ്ലിഷിംഗ് ആൻഡ് പ്രിന്റിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ലഫിഅൽ-സുബൈ ഊന്നിപ്പറഞ്ഞു.