പ്രവാസികൾ ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് കഴിഞ്ഞാൽ വിസ റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. ഓഗസ്റ്റ് ഒന്നാം തീയ്യതി മുതൽ കാലാവധി കണക്കാക്കിയാണിത്. തുടർച്ചയായി ആറ് മാസം രാജ്യത്തിന് പുറത്താണെങ്കിൽ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് മുന്നറിയിപ്പ്. ഇത് സംബന്ധമായ സർക്കുലർ ജവാസാത്ത് ഓഫീസുകൾക്ക് നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രവാസികൾക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകൾക്കും ആർട്ടിക്കിൾ 17, 19 വിസക്കാർക്കും ഇത് ബാധകമാണ്.
നിയമപ്രകാരം പ്രവാസികൾക്ക് കുവൈത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി കാലയളവ് ആറ് മാസമാണ്. എന്നാൽ കോവിഡ് സമയത്ത് മാനുഷിക പരിഗണന മുൻനിർത്തി ഇത്തരത്തിൽ വിസ റദ്ദാക്കുന്ന നടപടി നിർത്തിവെച്ചിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച് ആറു മാസത്തിലധികമായി കുവൈത്തിൽ നിന്ന് പുറത്തുപോയ പ്രവാസികൾ ജനുവരി 31 ന് മുമ്പേ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കിൽ വിസ റദ്ദാവും.