‘യുഎഇ: സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്നു’ എന്ന പ്രമേയത്തിലൂന്നി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവലിൽ ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് എമിറേറ്റ്സ് ഫൗണ്ടൻ ഷോ, വിവിധ രാജ്യക്കാരുടെ പരേഡ്, മിലിറ്ററി ഹെറിറ്റേജ് മ്യൂസിക് ഷോ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. 4 മാസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഇത്തവണ നാലായിരത്തിലേറെ വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.വാരാന്ത്യങ്ങളിൽ വെടിക്കെട്ടുണ്ടാകും.അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ കാണാൻ സൗജന്യ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.തിങ്കൾ മുതൽ വ്യാഴം വരെ 8 ബസുകളും വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ 10 ബസുകളും അബുദാബിയുടെ വിവിധ ഭാഗങ്ങളിൽനിന്നും തിരിച്ചും സൗജന്യ സർവീസ് നടത്തും.