‘ജാക്ക് റസ്സൽ ടെറിയർ’ കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ഇത്തിരിക്കുഞ്ഞന്മാർ; യെവൻ പുലിയാണ് കേട്ടാ !!

0
44

അടുത്ത കാലത്തായി ഏറെ ലോകശ്രദ്ധ നേടിയ ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽപ്പെട്ട നായയാണ് പാട്രൺ. ഉക്രൈനിൽ യുദ്ധം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200 ലധികം സ്ഫോടകവസ്തുക്കൾ ‘പാട്രൺ’ കണ്ടെത്തുകയും അവയെ നിർവീര്യമാക്കി ഉക്രൈൻ സേനയ്ക്ക് നിരവധിപേരുടെ ജീവൻ രക്ഷിക്കാനും സാധിച്ചു.

ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാൽ ജാക്ക് റസ്സൽ ടെറിയർ നായ്ക്കളെ മികച്ച എക്സ്പ്ലോസീവ് സ്‌നിഫർ നായ്ക്കളായി ഉപയോഗിക്കുന്നു. ശാരീരികമായി വലിപ്പം കുറവായതിനാൽ ഇടുങ്ങിയ ഇടങ്ങളിൽ പ്രവേശിക്കാനും സ്‌ഫോടക വസ്തുക്കൾ, നിരോധിത ലഹരിവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താനും ഇവയ്ക്ക് എളുപ്പം കഴിയുന്നു.

നാല് ‘ജാക്ക് റസ്സൽ ടെറിയർ’ നായകൾ ഇന്ന് കേരള പോലീസിന്റെ K9 സ്‌ക്വാഡിൽ ചേരുകയാണ്. ഈ ഇനം നായകളുടെ ആയുസ്സ്, 13 മുതൽ 16 വർഷം വരെ ആണെങ്കിലും K9 സ്‌ക്വാഡിൽ ഇവയെ 12 വർഷം വരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും, നിർഭയരും ഊർജ്ജസ്വലരുമാണിവർ.

1959 ലാണ് മൂന്ന് ജർമ്മൻ ഷെപ്പേഡ് നായ്ക്കളെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് ആദ്യമായി കേരള പോലീസ് ഡോഗ് സ്‌ക്വാഡ് ആരംഭിച്ചത്. ജാക്ക് റസ്സൽ ടെറിയർ നായകൾ സ്‌ക്വാഡിന്റെ ഭാഗമായതോടെ ഇന്ത്യൻ/വിദേശ ബ്രീഡുകൾ ഉൾപ്പെടെ മൊത്തം ബ്രീഡുകളുടെ എണ്ണം പത്തായി മാറി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡോഗ് സ്‌ക്വാഡുകളിൽ ഒന്നായ K9 സ്‌ക്വാഡിന് 19 പോലീസ് ജില്ലകളിലും മികച്ച പരിശീലനം ലഭിച്ച നായ്ക്കളും ഹാൻഡ്‌ലർമാരുമുണ്ട്.

തൃശൂരിൽ പ്രവർത്തിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ SDTS (സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂൾ) ലാണ് നായകൾക്കും ഹാൻഡ്‌ലർമാർക്കും അടിസ്‌ഥാന പരിശീലനം, റിഫ്രഷർ കോഴ്‌സുകൾ തുടങ്ങിയവ നടന്നുവരുന്നത്.