ഖത്തർ ലോകകപ്പിന്റെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കയും തമ്മിൽ ഖലീഫ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30ന് ഏറ്റുമുട്ടും. മികച്ച പ്രകടനങ്ങളാണ് ഇരു ടീമുകളും ലോകകപ്പിൽ കാഴ്ചവച്ചത്. കഴിഞ്ഞ ലോകകപ്പിൽ കൈവിട്ടുപോയ കിരീടത്തെ തിരിച്ചുപിടിക്കുക എന്നതായിരുന്നു ക്രൊയേഷ്യയുടെ ലക്ഷ്യം, പക്ഷേ മെസ്സിയുടെ അർജന്റീനക്ക് മുൻപിൽ എല്ലാം തകർന്നടിഞ്ഞു. അൽഭുതാവഹമായ പ്രകടനം പുറത്തെടുത്ത മൊറോക്കോ ഈ ലോകകപ്പിലെ കറുത്ത കുതിരകളാണ്. സെമിഫൈനൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന റെക്കോർഡ് സ്വന്തമാക്കിയ മൊറോക്കോ ഫ്രാൻസിന്റെ പടയോട്ടത്തിൽ പതറിപ്പോയി.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരുട്ടിമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു മത്സരഫലം. ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച കളികൾ പുറത്തെടുത്ത രണ്ടു ടീമുകൾ മൂന്നാം സ്ഥാനത്തിനായി കളിക്കളത്തിൽ ഇറങ്ങുമ്പോൾ പോരാട്ടം കനക്കുമെന്ന് തീർച്ചയാണ്.