കമ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ദഹല്‍ നേപ്പാള്‍ പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0
30

കമ്മ്യൂണിസ്റ്റ് നേതാവായ പുഷ്പ കമല്‍ ധഹല്‍ നേപ്പാള്‍ പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഇത് മൂന്നാം തവണയാണ്  നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായിരുന്നു പ്രചണ്ഡ. രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി പ്രചണ്ഡയെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് പുഷ്പ കമല്‍ ധഹല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ നേപ്പാളില്‍ തൂക്കുസഭയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡയായിരിക്കും പ്രധാനമന്ത്രി എന്നാണ് ധാരണ. 275 അംഗമുള്ള സഭയില്‍ 165 പേരുടെ പിന്തുണയും പ്രചണ്ഡ ഉറപ്പാക്കികഴിഞ്ഞു.

2008ലും 2016ലുമാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാവുന്നത്. മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് പ്രചണ്ഡ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 13 വര്‍ഷം പ്രചണ്ഡ ഒളിവിലായിരുന്നു. 1996-2006 കാലഘട്ടത്തില്‍ ഇദ്ദേഹം സായുധ പോരാട്ടത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ 2006ല്‍ സമാധാന കരാറില്‍ ഒപ്പുവെച്ച് പ്രചണ്ഡ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.