ഫുട്ബോൾ മാന്ത്രികൻ വിട പറഞ്ഞു

0
51

മാസ്മരിക ചാലനങ്ങളിലൂടെ ഫുട്ബോൾ ലോകത്തെ ത്രസിപ്പിച്ച മാന്ത്രികൻ പെലെ വിട പറഞ്ഞു.   82 വയസായിരുന്നു. മൂന്ന് ലോകകപ്പ് നേടിയിട്ടുള്ള തരാം എന്ന അലങ്കാരം ഇന്നും പെലെയ്ക്ക് മാത്രം സ്വന്തം.

ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി പെലെ  ആശുപത്രിയിലായിരുന്നു.  വൻകുടലിലെ കാൻസറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു.  വ്യാഴാഴ്ച സാവോപോളോയിലെ ഐൻസ്റ്റീൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ലോകകപ്പ് മത്സരങ്ങളുടെ സമയത്തും പെലെ ആശുപത്രിയിലായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി ആയിരുന്നു മെഡിക്കൽ ബുള്ളറ്റിനുകളിൽ പറഞ്ഞിരുന്നത്.

ബ്രസീലിലെ പ്രശസ്ത ക്ലബ് ആയ സാൻറോസിലെ മികച്ച പ്രകടനങ്ങൾ 1957 ൽ പെലെ ദേശീയ ടീമിലെത്തിച്ചു.ആദ്യ അന്താരാഷ്ട്ര മത്സരം അർജന്റീനയ്‌ക്കെതിരെ ആയിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും അന്നും ഒരു ഗോൾ നേടാൻ പെലെക്ക് കഴിഞ്ഞിരുന്നു. ശേഷം 1958 ൽ ബ്രസീൽ ആദ്യ ലോകകപ്പ് സ്വന്തമാക്കുമ്പോൾ നിർണായക സാന്നിധ്യമായി പെലെയും ഉണ്ടായിരുന്നു.  പരിക്കിനോട് മല്ലിട്ടുകൊണ്ടായിരുന്നു പെലെ ആ ലോകകപ്പ് കളിച്ചത്. ആ വർഷത്തെ ലോകകപ്പ് സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക് നേടിയ പെലെ ചരിത്രത്തിലെ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.  കന്നി ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ  മികച്ച യുവ താരമായി പെലെയെ തിരഞ്ഞെടുത്തു. പിന്നീട് 1962 ലും 1970 ലും പെലെ ബ്രസീലിനായി ലോകകപ്പിൽ മുത്തമിട്ടു. 1957 ൽ തുടങ്ങിയ അന്താരാഷ്ട്ര കരിയർ 1971 ലായിരുന്നു പെലെ അവസാനിപ്പിച്ചത്. ശേഷം ക്ലബ് ഫുടബോളിൽ സജീവമായിരുന്ന പെലെ 1977 ൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിക്കുകയായിരുന്നു.