ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരമാണ് സുനുവിനെതിരെ നടപടി സ്വീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. സ്ഥിരമായി ഗുരുതര കുറ്റകൃത്യം ചെയ്യുന്നവരെ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.15 തവണ വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന ആള്‍ക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിജിപി വ്യക്തമാക്കി. പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും ഡിജിപി അറിയിച്ചു.അതേസമയം, നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സുനു പ്രതികരിച്ചു.