ആര്യങ്കാവിൽ പിടികൂടിയ പാലില്‍ മായം കണ്ടെത്താനായില്ല; ടാങ്കർ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉടമ

0
29

ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ അംശം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായില്ല. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയെന്ന് ക്ഷീര വകുപ്പിന്റെ കണ്ടെത്തലിനു വിരുദ്ധമായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അന്തിമ പരിശോധന ഫലം.

ജനുവരി 11ന് പുലർച്ചെ പാൽ പിടികൂടുമ്പോൾ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ആര്യങ്കാവ് ചെക്പോസ്റ്റിൽ മൂന്ന് ഘട്ടമായി നടത്തിയ ഇ സ്ക്രീനിംഗ് ടെസ്റ്റ് അടക്കമുള്ളവയുടെ പരിശോധന ഫലത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ തുടർനടപടി സ്വീകരിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അന്തിമ പരിശോധയിൽ രാസ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തി ആറ് മണിക്കൂറിനകം പരിശോധന നടത്തിയില്ലെങ്കിൽ രാസ സാന്നിധ്യം കണ്ടെത്താൻ കഴിയില്ല.സാംപിള്‍ വൈകി ശേഖരിച്ചതിനാല്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമോയെന്ന് മന്ത്രി ചിഞ്ചു റാണി അന്നുതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പാൽ കൊണ്ടുവന്ന ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറിയാണ് പിടികൂടിയത്.മായം കലര്‍ത്തിയ പാല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.