ബഫർസോണ്‍ ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു

0
23

ബഫർസോണ്‍ വിധിയുമായി ബന്ധപെട്ട ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ളതാണ് ഹർജികൾ. മൂന്നംഗ ബെഞ്ചായിരുന്നു ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ നിർബന്ധമാക്കിയത്. ഈ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര റാവു വിരമിച്ചു. ആയതിനാൽ പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും.

ഖനനം നിയന്ത്രിക്കുന്നതിലാണ് നിഷ്ക്കർഷയെന്നും മുൻ വിധിയിലെ അപാകതകൾ പരിഹരിക്കുമെന്നും കോടതി.  മുൻ വിധിയിലെ അപാകതകൾ പരിഹരിക്കുമെന്ന സൂചനയാണ് കോടതി നൽകിയത്.

അതേസമയം, കേരളത്തിന്റെ പുനഃപരിശോധനാ ഹർജി തൽകാലം പരിഗണനയ്ക്ക് എടുക്കേണ്ടെന്ന് കോടതി നിലപാടെടുത്തു. ഭേദഗതി അനുവദിച്ചാൽ പുനഃപരിശോധനയുടെ ആവശ്യമില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറിയാണ് ആദ്യം വാദിച്ചത്. വിധിക്ക് ശേഷം കേരളത്തിലും മറ്റിടങ്ങളിലും ഉണ്ടായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അമിക്കസ് ക്യൂറി കോടതിയെ ധരിപ്പിച്ചു.

അതേസമയം, സുപ്രീം കോടതിയുടെ തീരുമാനം ആശ്വാസകരമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിയമനടപടികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയം കോടതി വലിയ ഗൗരവത്തിലെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.