പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ഇന്ന് തെലങ്കാനയിലെ ഖമ്മത്ത് നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍, അഖിലേഷ് യാദവ്, പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. അതേസമയം, റാലിയിലേക്ക് കോണ്‍ഗ്രസിന് ക്ഷണമില്ല.
ചന്ദ്രശേഖര്‍ റാവു ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയിരുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ബിആര്‍എസ്. ബിആർഎസ് രൂപീകരണ ശേഷമുള്ള ആദ്യ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുന്നത്. ഭാരത് ജോഡോ യാത്രയിലേക്ക് ബിആര്‍എസിനെയും ആപ്പിനെയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി സഖ്യം വേണ്ടെന്നാണ് സിപിഐഎം തീരുമാനം.