30 പോലീസുകാർക്കേതിരെ പിരിച്ചുവിടൽ ഉള്‍പ്പെടെ ഗുരുതരമായ അച്ചടക്ക നടപടികളുണ്ടാകുമെന്ന് സൂചന

0
35

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റാങ്കിലുള്ള 30 ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നത് ഉള്‍പ്പെടെ ഗുരുതരമായ അച്ചടക്ക നടപടികളുണ്ടാകുമെന്ന് സൂചന. കടുത്ത അധികാരദുര്‍വിനിയോഗം, ഗുണ്ടകളും ക്രിമിനില്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങിയവ കണ്ടെത്തിയ 30 സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കെതിരായാണ് നടപടിയുണ്ടാവുക.

കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി വരികയായിരുന്നു.അനധികൃത സ്വത്ത് സമ്പാദനം, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നരെ സഹായിക്കല്‍, ഗുണ്ടകളും സാമൂഹ്യ വിരുദ്ധരുമായുള്ള ചങ്ങാത്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിനും പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ വിജിലന്‍സ് വിഭാഗത്തിനും അന്വേഷണത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇവരെ പോലെ തന്നെ നിയമ വിരുദ്ധ പ്രവര്‍ത്തികളിലും അനധികൃത സ്വത്ത് സമ്പാദനത്തിലും ഏര്‍പ്പെട്ട പത്തോളം ഡി വൈ എസ് പിമാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന സൂചനയും ഉണ്ട്. ഇന്റലിജന്‍സും വിജിലന്‍സും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.