എൻ.ബി.ടി.സി ഗ്രൂപ്പ് ‘ഹോം ഫോർ ഹോംലെസ്സ്’ പദ്ധതിയിലൂടെ അർഹരായ 52 ജീവനക്കാർക്ക് സൗജന്യമായി വീടുകൾ വെച്ച് നൽകും

0
17

കുവൈറ്റ് സിറ്റി:  ‘ഹോം ഫോർ ഹോംലെസ്സ്’ പദ്ധതിയിലൂടെ അർഹരായ 52 ജീവനക്കാർക്ക് എൻ.ബി.ടി.സി ഗ്രൂപ്പ് ഈ വർഷവും സൗജന്യമായി വീടുകൾ വെച്ച് നൽകുമെന്ന് എൻ.ബി.ടി.സി മാനേജിംഗ് ഡയറക്ടർ കെ.ടി.എബ്രഹാം അറിയിച്ചു.  കുവൈറ്റ് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എൻ.ബി.ടി.സി ഗ്രൂപ്പ്  നടത്തുന്ന ‘വിൻറ്റർ കാർണിവൽ 2023 പരിപാടിയിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിലായി 83-ലധികം വീടുകളാണ് എൻ.ബി.ടി.സി വച്ച് നൽകിയത്.

കെ.ടി.എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ കുവൈറ്റിലെ ശ്രീലങ്കൻ അംബാസഡർ കൻദീപൻ ബാലസുബ്രഹ്മണ്യം, കുവൈറ്റിലെ നേപ്പാൾ അംബാസഡർ ദുർഗപ്രസാദ് ബണ്ടാരി, കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ, ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഡോക്ടർ കോശി ഡാനിയേൽ, കെ.ഒ.സി, കെ.എൻ.പി.സി, കിപിക് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരിന്നു.

‘വൺ ടിം, വൺ ഫാമിലി എന്ന കമ്പനിയുടെ ആപ്തവാക്യം അന്വർത്ഥമാക്കുന്ന രീതിയുള്ളതായിരുന്നു എൻ.ബി.ടി.സിയുടെ വിൻറ്റർ കാർണിവൽ ആഘോഷം. കൂടാതെ എൻ.ബി.ടി.സിയുടെ യു.എ.ഇ, സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ റീജിണൽ ഓഫിസിലുള്ള പ്രതിനിധികളും കുവൈറ്റിൽ നിന്നുള്ള എൻ.ബി.ടി.സിയുടെ ജീവനക്കാരും അവരുടെ കുടുംബംഗങ്ങളും ഉൾപ്പെടെ അയ്യായിരത്തിലധികം ആളുകൾ ഈ വർഷത്തെ വിന്റർ കാർണിവലിൽ പങ്കെടുത്തു.

വിൻറ്റർ കാർണിവൽ-2023-ൻറ്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരായ ഹരിശങ്കർ, വേണുഗോപാൽ ഉൾപ്പെട്ട പ്രഗതി മ്യൂസിക് ബാൻഡ്, എൻ.ബി.ടി.സിയുടെ ഡെസർട്ട് തണ്ടർ മ്യൂസിക് ബാൻഡ്, എൻ.ബി.ടി.സി കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ അരങ്ങേറി. കൂടാതെ ഫിലിപ്പൈൻസ്, ഈജിപ്ത്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ലെബനീസ്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യത്യസ്തമായ ഉൾപ്പെടുത്തിയ നിരവധി ഭക്ഷണശാലകളും സജ്ജമാക്കിയിരുന്നു.

എൻ.ബി.ടി.സിയുടെ കായിക മേളകളിൽ വിജയികൾക്കുള്ള അവാർഡ്,  ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യഭ്യാസ സ്കോളർഷിപ്പ്, പത്ത്, പന്ത്രണ്ട് ക്ളാസ്സുകളിൽ മികച്ച മാർക്ക് നേടിയ വിദ്യർത്ഥികൾക്കുള്ള ക്ലാസ്സ് ടോപ്പേഴ്സ് അവാർഡ് എന്നിവ വിന്റർ കാർണിവലിൽ വെച്ച് വിതരണം ചെയ്തു. മികച്ച ഷോർട്ട് ഫിലിം അവാർഡ്, ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരം, ക്വിസ് മത്സരം, ഫോട്ടോഗ്രാഫി മത്സരം എന്നിവയുടെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഒരു പകൽ നീണ്ടു നിന്ന വിവിധ കലാപരിപാടികളും വിവിധ മത്സരങ്ങളും ഗെയിം സ്റ്റാളുകളും ഈ വർഷത്തെ വിന്റർ കാർണിവൽ അവിസ്മരണീയമാക്കി.